തിരുവനന്തപുരം: വന്‍കിട മുതലാളിമാര്‍ക്ക് പരിഗണന നല്‍കി സാധാരണ ജനങ്ങളെ തഴഞ്ഞ ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. സാധാരണക്കാരുടെ ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്ന നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ലെന്നും കേരളത്തിന് ഇത്തവണയും നിരാശമാത്രം സമ്മാനിച്ച ബജറ്റ് ആണ് മോദിയുടെ സർക്കാർ അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ മോദി പാടേ മറന്നു. താങ്ങു വില 250 രൂപ ആക്കണമെന്ന ആവശ്യത്തെക്കുറിച്ചും പരാമര്‍ശമില്ല. റെയില്‍വേ -തുറമുഖം വികസനം ഉള്‍പ്പെടെയുള്ളവക്ക് കാര്യമായ സാമ്പത്തിക സഹായം നല്‍കിയില്ല. സംസ്ഥാനത്തോടുള്ള അവഗണന ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ ബിജെപി ഭരണകൂടം ആവര്‍ത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കേവലം രാഷ്ട്രീയ പ്രസംഗം ആണ് ബജറ്റ് എന്ന രീതിയിൽ സഭയിൽ അവതരിപ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികളില്‍ പലതും പൊള്ളയാണ്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റി എന്നു പറയുമ്പോള്‍,ആഗോള ദാരിദ്ര്യസൂചികയില്‍ ഇന്ത്യ ഇപ്പോഴും വളരെ പിറകിലാണ്.
എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി അവർ ആഘോഷിക്കുന്നത് റോഡ് – റെയില്‍ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനമാണ്. എന്നാല്‍ മൂലധന നിക്ഷേപം 13.71 ലക്ഷം കോടിയില്‍ നിന്ന് 12.71 ലക്ഷം കോടിയായി കുറഞ്ഞു എന്ന് ബജറ്റ് രേഖകളില്‍ കാണുന്നു. ഒരു ലക്ഷം കോടി രൂപയുടെ ഭീകരമായ കുറവ് സംഭവിച്ചിരിക്കുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില 2014ലെ 434 രൂപയില്‍നിന്ന് 960 രൂപയായതൊക്കെ വിസ്മരിച്ചു കൊണ്ടുള്ള പ്രഹസനങ്ങൾ ആണ് ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടത്. ഇന്ധന – പാചകവാതക വിലകൾ കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.വിലക്കയറ്റം,തൊഴിലില്ലായ്മ എന്നിവ നിയന്ത്രിക്കുന്നതിന് നിര്‍ദ്ദേശങ്ങളൊന്നുമില്ല.
ആദായനികുതി സ്ലാബിലും മാറ്റം വരുത്തിയില്ല. സാധാരണക്കാരന്റെ ജീവിത ദുരിതം ലഘൂകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇടം പിടിച്ചില്ല. എന്നാല്‍ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്നു കുറച്ച് 22 ശതമാനത്തില്‍ എത്തിച്ചു. രാജ്യത്തെ അഴിമതി തുടച്ചു നീക്കിയെന്ന് ബജറ്റില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം സ്ഥാനത്താണെന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ ശതകോടികളുടെ അഴിമതികളാണ് സി.എ.ജി റിപ്പോര്‍ട്ടുകളില്‍ ഇടംപിടിച്ചിട്ടുള്ളത്.
മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ച പ്രതിവർഷം രണ്ടുകോടി തൊഴിൽ, കർഷകരുടെ വേതനം ഇരട്ടിയാക്കൽ, 2022 ന് മുൻപ് എല്ലാവർക്കും വീട് തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങളുടെ കൂട്ടത്തിലേക്ക് കുറച്ചുകൂടി നടക്കാത്ത വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി എന്നതിലുപരി ഇടക്കാല ബജറ്റ് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ജനകോടികളുടെ ജീവിതം പരിഗണിക്കാതെ അവരെ പരിഹസിച്ചുകൊണ്ട് പ്രഖ്യാപിച്ച പൊള്ളയായ വാഗ്ദാനങ്ങൾക്ക് വരാൻ പോകുന്ന തിരഞ്ഞെടുപ്പിലൂടെ വിവേകമുള്ള ജനത മറുപടി കൊടുക്കും എന്ന ശുഭപ്രതീക്ഷ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.