
ചാവക്കാട്: ആറാം ക്ലാസ് വിദ്യാർഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. ചാവക്കാട് പാലയൂർ ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം നടന്നത്. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 വയസുകാരനാണ് മർദനമേറ്റത്. പ്രിൻസിപ്പൽ കൈ കൊണ്ട് മുഖത്തടിച്ച് പരുക്കേൽപ്പിച്ചതായിട്ടാണ് റിപ്പോർട്ട്.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. വിദ്യാർഥി വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരമറിഞ്ഞത്. വീട്ടിലെത്തിയ കുട്ടി തനിക്ക് ചെവി വേദനയെടുക്കുന്നുവെന്ന് രക്ഷിതാക്കളോട് പറഞ്ഞു. ഉടൻ തന്നെ ഇവർ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കുട്ടിയെ ഹയാത്ത് ആശുപത്രിയിലേക്കും മാറ്റി.
തുടർന്ന് വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.







