തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഈ പരിപാടിയിൽ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കുമെന്നും നേതാക്കൾ അറിയിച്ചു. രാവിലെ 10ന് സമ്മേളനം ആരംഭിക്കും.
വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. മോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 വരെയുമാണ് നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.