
തിരുവനന്തപുരം: തിരുവനന്തപുരത്ത് 23 കാരൻ മരിച്ചു. വര്‍ക്കല ഇലകമണ്‍ സ്വദേശി വിനുവാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകുവെന്നാണ് പോലീസ് പറയുന്നത്.
ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ആദ്യം ബുദ്ധിമുട്ടകൾ കാര്യമാക്കിയിരുന്നില്ല. വയറുവേദന അടക്കമുള്ള പ്രശ്നങ്ങൾ കേക്ക് കഴിച്ച ശേഷം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുന്നേ തന്നെ വിനു മരിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.
29 ന് വര്‍ക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചുവെന്നും ഇതിനു ശേഷമാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇതേ കേക്ക് കഴിച്ച വിനുവിന്റെ അമ്മയും സഹോദരങ്ങളും ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വിനുവിൻ്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതെ സമയം ഇന്നലെ വർക്കലയിൽ 64 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.


