ചാലക്കുടി: നർത്തകി സത്യ ഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഡോ ആർ എൽ വി രാമകൃഷ്ണൻ. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡോ ആർ എൽ വി രാമകൃഷ്ണൻ അറിയിച്ചു. പേര് പറഞ്ഞിട്ടില്ലെങ്കിലും തന്നെയാണ് ഇത് പറയുന്നതെന്ന് വളരെ വ്യക്തമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു. ആക്ഷേപിക്കാം പക്ഷേ മിതത്വം വേണം സൗന്ദര്യം മോഹിനിയാട്ടത്തിന് മാനദണ്ഡം എന്ന നിലപാട് നർത്തകർക്കാകെ അപമാനമാണെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
സാംസ്കരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുക. കലാഭവൻ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും പണ്ടും സത്യഭാമ തന്നെ അധിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു രംഗത്ത്. പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെയെന്നും മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തി എഴുതിയ പ്രതിഭയാണ് ആർ എൽ വി രാമകൃഷ്ണൻ എന്നും മന്ത്രി പറഞ്ഞു.