തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ ഓർമ്മകളുമായി വീണ്ടും ഒരു വിഷു ദിനം വന്നെത്തി. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും മറ്റു ഫലങ്ങളും പച്ചക്കറികളും നിറച്ച് അതോടൊപ്പം ഉണ്ണിക്കണ്ണനെയും ഒരുക്കി മലയാളികൾ പുലർച്ചെ കണി കണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്.
വിഷുവിനു ദിവസങ്ങൾക്ക് മുന്നേ തന്നെ കണി ഒരുക്കാനുള്ള സാധങ്ങൾ നമ്മുടെ തൊടിയിൽ നിന്ന് പ്രത്യേകം എടുത്തുവയ്ക്കാൻ തുടങ്ങും. ശ്രീകൃഷ്ണ പ്രതിമക്ക് മുന്നിൽ വിവിധതരത്തിലെ പഴങ്ങളും ഉണക്കലരി, നാണയം, പുതിയ വസ്ത്രം, സ്വർണം എന്നിവയാണ് പ്രത്യേകം താലത്തിലൊരുക്കി കണിവെക്കുന്നത്.
കണി കണ്ടതിനു ശേഷം കൈനീട്ടം നൽകുന്നതാണ് അടുത്ത ഘട്ടം. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. തുടർന്ന് സദ്യ ഒരുക്കലും മറ്റു കളികളുമായി ഈ ദിവസം ഏറെ സന്തോഷത്തോടെ കടന്നു പോകും.
വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം.