കഴക്കൂട്ടത്തെ വ്യാപാരിയുടെ വീട് കവർച്ചയ്ക്ക് പിന്നാലെ കണിയാപുരത്തെ വ്യാപാരിയുടെ വീട്ടിലും കവർച്ച. വ്യാപര വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് പ്രസിഡന്റും കണിയാപുരം ആലുംമൂട്ടിൽ അജില ഫുഡ്‌വെയർ കടയുടമ പി. ഷറഫുദീന്റെ പള്ളിപ്പുറത്തെ വീട്ടിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്.
രണ്ടര പവന്റെ ലോക്കറ്റ് അടക്കമുള്ള ആഭരണങ്ങളും റാഡോ വാച്ചും ഒരു ലക്ഷത്തോളം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. വീടിന്റെ രണ്ടാം നിലയുടെ വാതിൽ തകർത്ത് അകത്ത് കടന്ന കള്ളൻ മുറികൾ കുത്തി തുറന്ന് സാധനങ്ങൾ വലിച്ചു വാരി വിതറിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് അപഹരിച്ചത്. ഷറഫുദീയനും കുടുംബവും വീട് പൂട്ടി ഇന്നലെ രാത്രിയോടെ മകളുടെ അമ്പലത്തറിയിലുള്ള വീട്ടിൽ പോയിരുന്നു. ഇന്ന് പുലർച്ചെ എത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടത്.
വീടിനകത്ത് ആരോ ഉണ്ടെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വീടിന്റെ വശത്ത് നിന്ന് മുകളിലോട്ട് നോക്കിയപ്പോഴാണ് മുകളിലെത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും കവർച്ച നടന്ന വിവരം അറിയുന്നത്. മംഗലപുരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് കഴക്കൂട്ടത്തെ കെട്ടിടത്തിൽ എന്റർപ്രൈസസ് ഉടമ ശ്യാംലാലിന്റെ വിളയികുളത്തെ വീട്ടിൽ നിന്ന് 35 പവൻ കവർച്ച ചെയ്തിരുന്നു. അതിലും മോഷ്ടാക്കാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.