തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പാറശാല സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്.
മാസങ്ങൾക്ക് മുൻപാണ് പ്രതി ശ്രുതീഷും നിയമവിദ്യാർഥിയും പരിചയത്തിലാകുന്നത്. ജിംനേഷ്യത്തില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പരിചയം അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു.
എന്നാൽ ഇത് കഴിഞ്ഞ് പ്രതി മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമവിദ്യാർഥി പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയത് അറിഞ്ഞ ശ്രുതീഷ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി നിശ്ചയിച്ച വിവാഹം ഒഴിവാക്കി നിയമവിദ്യാർഥിയെ കല്യാണം കഴിക്കുകയായിരുന്നു. ശ്രുതീഷിന്റെ വീടിനു സമീപത്തുള്ള അമ്പലത്തിൽ വച്ചായിരുന്നു താലികെട്ട്.
തുടർന്ന് രണ്ടാഴ്ചയോളം കൂടെ താമസിച്ച ശ്രുതീഷ് ജോലിയുടെ ആവശ്യം പറഞ്ഞു തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ഇയാൾ തിരിച്ചെത്താതായതോടെ ആണ് പെൺകുട്ടി പാറശാല പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി യുടെ നേതൃത്യത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ശ്രുതീഷിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.