
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബിയർ പാർലറിൽ ബർത്ത് ഡേ പാർട്ടിയ്ക്കിടെ കത്തിക്കുത്ത് നടന്ന സംഭവത്തിൽ ഒന്നാം പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് (ശ്രീകുട്ടൻ ) ഒന്നാം പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ യുവാക്കളെ നിരവധി തവണ കുത്തിപരിക്കേൽപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഭിജിത്തിന് ആയിട്ടുള്ള തിരച്ചിൽ ഊർജ്ജതമാക്കിയിരിക്കുകയാണ് പോലീസ്.
നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് അഭിജിത്ത്. 2021 ൽ ചിറയിൻകീഴ് പോലിസ് സ്റ്റേഷൻ പരിധിയിലെ മുടപുരത്ത് അജിത് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. ജാമ്യത്തിലിറങ്ങിയ അഭിജിത്ത് കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി ചെയ്തുവരികയാണ്. ഇതിനിടെയാണ് ഇപ്പോൾ ആക്രമണം നടത്തിയത്.
നിലവിൽ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ വീട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽകോണം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ സംഭവം ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് കഴക്കൂട്ടത്തെ ദേശീയപാതയ്ക്ക് സമീപമുള്ള ബിയർ പാർലറിൽ സംഘർഷം നടന്നത്. ദേശീയ പാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ് ) ബിയർ പാർലറിലാണ് സംഭവം നടന്നത്. 10 പേരടങ്ങുന്ന സംഘമാണ് ബാറിനുള്ളിൽ വെച്ച് നാലു പേരെ കുത്തി പരിക്കേൽപ്പിച്ചത്.


