തിരുവനന്തപുരം: ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിൽ പൊട്ടൽ. ഉദ്ഘാടനത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പാലത്തിൽ പൊട്ടൽ കണ്ടെത്തിയത്. ഗ്ലാസ് ബ്രിഡ്ജിന്റെ മധ്യ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. ആരോ മനഃപൂർവം പാലം തകർത്തതാണെന്നാണ് ആരോപണം. ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്കിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകർന്നതിൽ പങ്കുണ്ടെന്നാണ് വി കെ പ്രശാന്ത് എംഎൽഎ ആരോപിക്കുന്നത്. എന്നാൽ നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. മുൻപരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നൽകിയെന്നുമാണ് ഇവർ ആരോപിക്കുന്നത്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്കുമാണ്. വി കെ പ്രശാന്ത് എം എൽ എ യുടെ നേതൃത്വത്തിലാണ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം. 1.20 കോടിരൂപ ചിലവിട്ടാണ് പാലം നിർമിച്ചിരിക്കുന്നത്. ഒരേസമയം 80 പേരെ പാലത്തിൽ വഹിക്കാൻ സാധിക്കുമെന്നാണ് പ്രത്യേകത. കൂടാതെ പ്രത്യേകം ഇറക്കുമതി ചെയ്‌ത സാൻവിച്ച് ഗ്ലാസുകളാണ് പാകിയിരിക്കുന്നത്. ഇതിനാണ് ഇപ്പോൾ പൊട്ടൽ സംഭവിച്ചിരിക്കുന്നത്.