spot_imgspot_img

വിദ്യാർഥികളുടെ പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ ഇടപെടൽ വേണം: മുഖ്യമന്ത്രി

Date:

spot_img

തിരുവനന്തപുരം: മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ പരിശോധനയും ഇടപെടലും ആവശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലാസിലെ വിദ്യാർഥികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർ ആരെല്ലാമാണെന്ന് അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അറിയാം. അത്തരം വിദ്യാർഥികളുടെ പഠന ഉന്നമനത്തിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകുമെന്നതിൽ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കേരളം രംഗം പല കാര്യങ്ങളിലും ഏറെ മെച്ചപ്പെട്ടതാണെന്നതു നമുക്ക് അഭിമാനം പകരുമ്പോൾത്തന്നെ, ഏതെങ്കിലും പ്രത്യേക കാര്യത്തിലോ വിഷയത്തിലോ നാം പുറകിലാകുന്നുണ്ടെങ്കിൽ അത് വിലയിരുത്തൽ നടത്തുന്നവരുടെ പിഴവുകൊണ്ടല്ലെന്നു മനസിലാക്കാനുള്ള സാമാന്യ ബോധം എല്ലാവർക്കുമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതു വസ്തുതയാണെന്ന് അംഗീകരിച്ച് എങ്ങനെ മാറ്റാൻ കഴിയുമെന്നതാണു ചിന്തിക്കേണ്ടത്. ഇക്കാര്യം ഗൗരവമായി ആലോചിക്കേണ്ട ഘട്ടമാണിത്. എല്ലാ വിദ്യാർഥികൾക്കും പഠിക്കാനുള്ള സാഹചര്യം ഒരേപോലെ ആയിരിക്കില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികളാണ് നമ്മുടെ വിദ്യാലയങ്ങളിലുള്ളത്. അവരിൽ ചിലർ പഠനത്തിൽ പിന്നിൽ നിൽക്കുന്നുണ്ടെങ്കിൽ അവർ അതേ വഴിയിൽ പൊയ്ക്കോട്ടേ എന്ന നിലപാടാകരുത് സ്വീകരിക്കുന്നത്. കൃത്യമായി അവരെ പഠനത്തിൽ സഹായിക്കുകയും മുന്നോട്ടു നയിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യണം. അത്തരം കാര്യങ്ങൾ എവിടെയെല്ലാം നടക്കുന്നുവെന്നതു ഗൗരവമായി പരിശോധിക്കണം.

വിദ്യാഭ്യാസ രംഗത്തെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനു സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക മികവ് വർധിപ്പിക്കുന്നിനും വലിയ ഇടപെടൽ നടത്തി. ഓരോ വിദ്യാലയത്തെ സംബന്ധിച്ചും കൃത്യമായ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാർഥികളിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അധ്യാപന രീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നു. അത്തരമൊരു സംസ്ഥാനത്ത് സാധാരണഗതിയിൽ ഈ രീതിയിൽ ഒരു ചർച്ച ഉയർന്നുവരേണ്ട സാഹചര്യം ഉണ്ടാകേണ്ടതല്ല. പക്ഷേ, നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം എല്ലാവരും താത്പര്യപൂർവം ഗൗരവത്തോടെ കാണുന്നതായതുകൊണ്ട് ആ രംഗത്തുള്ള ചെറിയ കുറവുപോലും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെടും.

പൊതുവിദ്യാഭ്യാസ മേഖല ഏറ്റവും പിന്നിൽപ്പോയ ഒരു കാലത്തു വല്ലാത്ത തകർച്ച പൊതുവിദ്യാലയങ്ങൾക്കുണ്ടായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയ്ക്കിരുന്ന കുട്ടികളിൽ ഒരു കുട്ടിയും പാസാകാത്ത ഒട്ടേറെ സ്‌കൂളുകൾ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു അധ്യാപക സംഘടന ആ പ്രശ്നം ഗൗരവമായി കാണുകയും സ്‌കൂളുകളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗൗരവപൂർവം ഇടപെടുകയും ചെയ്തു. അന്നു നല്ല ഫലം അതിനു സൃഷ്ടിക്കാൻ കഴിഞ്ഞു. നാം ഏതുതരം അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയാലും ആ വിദ്യാലയത്തിലെ വിദ്യാർഥികളുടെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നത് പ്രത്യേകിച്ചു പറയേണ്ടതില്ല. പ്രത്യേക ശ്രദ്ധയോടെ കാര്യങ്ങൾ നീക്കിയപ്പോൾ പൂജ്യം എന്ന നിലയിൽ എത്തിയ റിസൾട്ട് നല്ല രീതിയിൽ അഭിവൃദ്ധിപ്പെടുത്താൻ അന്നു പല വിദ്യാലയങ്ങൾക്കും കഴിഞ്ഞു. അപൂർവം ചില വിദ്യാലയങ്ങൾ അന്ന് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും പാസാകുന്ന നിലയിലേക്കും എത്തി. പഠന രംഗത്തടക്കം വലിയ മാറ്റം പിന്നീടുണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തു നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി 5,000 കോടി രൂപ ചെലവഴിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള നടപടിക്കു സർക്കാർ മുൻതൂക്കം നൽകുകയാണ്. 2007നു ശേഷം സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കണം നടപ്പാക്കുന്നത് ഇപ്പോഴാണ്. രണ്ടു വർഷത്തിനിടെ ഒരിക്കലെങ്കിലും പാഠപുസ്തക പരിഷ്‌കരണം നടത്തേണ്ടതുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് ഈ അധ്യയന വർഷം വിദ്യാർഥികളിലേക്കെത്തുന്നത്. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അടുത്ത അധ്യയന വർഷം ജൂണിൽ ആ ക്ലാസുകളിലെ പുതിയ പുസ്തകങ്ങളും വിദ്യാർഥികളിലെത്തുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ പ്രവേശനോത്സവ ഗാനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഈ അധ്യയന വർഷത്തേക്കുള്ള കൈത്തറി യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ നിർവഹിച്ചു. മന്ത്രി ജി.ആർ. അനിൽ, ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ആർ.കെ. ജയപ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp