ആലപ്പുഴ: 15 വര്‍ഷം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹത്തിനായി പരിശോധന തുടങ്ങി. അന്വേഷണ സംഘം. ആലപ്പുഴ മാന്നാറിലാണ് സംഭവം. 15 വർഷം മുൻപ് നടന്ന ക്രൂരതയാണ് ഇപ്പോൾ മറ നീക്കി പുറത്തുവരുന്നത്. കലയെന്ന 20 കാരിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മാവേലിക്കരയിൽ നിന്നാണ് കലയെ 15 വർഷം മുൻപ് കാണാതായത്. കലയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിലെടുത്തു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കലയെ കൊലപ്പെടുത്തി എന്ന് മൊഴി നൽകിയതിൻറെ അടിസ്ഥാനത്തിലാണ് പരിശോധന.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിയെ കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സ്ഥലം പോലീസ് പരിശോധിച്ച് വരികയാണ്. മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥാനത്താണ് കുഴിച്ച് പരിശോധന നടത്തുന്നത്. കലയുടെയും ഭർത്താവ് അനിലിന്‍റെയും പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം വിദേശത്തെ ജോലി സ്ഥലത്തേക്ക് അനിൽ മടങ്ങിയിരുന്നു.
ഇതിനിടെ കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ കലഹമുണ്ടായിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം സംസാരിക്കണമെന്നാവശ്യപ്പെട്ട് കലയെ അനിൽ വിളിച്ചു വരുത്തുകയും വാടകയ്ക്കെടുത്ത കാറിൽ കുട്ടനാട്ടിലേക്ക് യാത്ര പോകുകയുമായിരുന്നു. അപ്പോഴാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച രഹസ്യ വിവരം.
ഇതേ തുടർന്നാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കലയുടെ ഭർത്താവ് അനിൽ ഇപ്പോൾ വിദേശത്താണ്. അനിലിന്റെ സുഹൃത്തുക്കളാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ നാട്ടിലെത്തിക്കാമനുള്ള ശ്രമങ്ങളും നടത്തി വരികയാണ് പൊലീസ്.