മലപ്പുറം: ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമെന്ന് പരാതി. മലപ്പുറത്താണ് സംഭവം. കല്യാണം കഴിഞ്ഞ് ആറാം നാൾ മുതൽ യുവതി ക്രൂരമായി മർദനത്തിനിരയായെന്നാണ് പരാതിയിൽ പറയുന്നത്. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസിനെതിരേയാണ് പരാതി.
യുവതിയുടെ കുടുംബമാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ ചാർജറിൻ്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മർദനത്തിൽ പെൺകുട്ടിയുടെ കേൾവി ശക്തി തകരാറിലായതായും നട്ടെല്ലിനും അടിവയറ്റിനും ക്ഷതം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
കൂടുതൽ സ്ത്രീധനം ചോദിച്ചും സംശയ രോഗത്തെ തുടർന്നും അതി ക്രൂരമായി മർദിക്കുമായിരുന്നുവെന്നും മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നുമെല്ലാം ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. മെയ് 2 നായിരുന്നു ഇവരുടെ വിവാഹം.
തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. വിവാഹ ശേഷം മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ ഭർതൃവീട്ടുകാർ തന്നെ നാല് തവണയായി ആശുപത്രിയിൽ കൊണ്ടുപോകുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. തുടർന്ന് മർദ്ദനം സഹിക്കാനാകാതെ യുവതി വീട്ടിൽ അറിയിച്ചപ്പോഴാണ് യുവതിയുടെ വീട്ടുകാർ സംഭവം അറിയുന്നതും യുവതിയെ തിരികെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതും.
തുടർന്ന് മെയ് 22 ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിക്കാനോ പ്രതിയെ പിടികൂടാനോ തയ്യാറായില്ലെന്നും യുവതിയുടെ കുടുംബം പറയുന്നു. ജില്ലാ പോലീസ് മേധാവിക്കടക്കം ഇവർ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. ഇതേ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.