കോഴിക്കോട്: അഞ്ചാം ദിവസവും അർജുനായി തെരച്ചിൽ ഊർജിതമായി തുടരുന്നു. രാവിലെ 6 ണണിയോടെ തന്നെ ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചിൽ നടത്തുക. എസ്ഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ എത്തിയാണ് തിരച്ചിൽ നടത്തുന്നത്. മംഗളൂരുവിൽ നിന്നാണ് റഡാറെത്തിച്ചിരിക്കുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക. റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്തിയാൽ ആ ഭാഗം നോക്കി മണ്ണെടുപ്പ് നടത്തും. ഇത് രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതെ സമയം അപകടത്തില്‍ മലയാളിയായ അര്‍ജുന്‍ അടക്കം മൂന്ന് പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു. മൊത്തം പത്ത് പേരെയാണ് കാണാതായത്. ഇതിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും കളക്ടർ അറിയിച്ചു. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും മഴ കനത്താൽ മണ്ണിടിച്ചിൽ വീണ്ടുമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നുമാണ് രക്ഷാപ്രവർത്തകർ പറയുന്നത്.