തിരുവനന്തപുരം: നിർമ്മലഗിരി കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ആവശ്യപ്പെട്ട പ്രാർത്ഥന മുറിയുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകൾ അവസാനിപ്പിച്ച് വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ഇടയിൽ സൗഹൃദാ അന്തരീക്ഷം നിലനിർത്തണമെന്ന് മെക്ക സംസ്ഥാന പ്രസിഡൻ്റും കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. പി.നസീർ ആവശ്യപ്പെട്ടു.
ബഹുമുഖമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ സംഘമായും മറ്റും പ്രിൻസിപ്പലിനെ സമീപിക്കുന്നത് എല്ലാ കോളേജുകളിലും ഒരു സ്വാഭാവിക ശീലമാണ്. സ്റ്റാറ്റ്യൂട്ടറി ഒബ്ളിഗേഷൻ ഇല്ലാത്ത ആവശ്യങ്ങളിൻമേൽ തീരുമാനം എടുക്കുന്നതിനുള്ള വിവേചനാധികാരം കോളേജ് അധികൃതരിൽ മാത്രം നിക്ഷിപ്തമാണ്. സുഗമമായ കലാലയ അന്തരീക്ഷത്തെ അലോസരപ്പെടുത്തുന്ന ചെയ്തികളിൽ നിന്നും വിദ്യാർത്ഥി സമൂഹം ഒന്നടങ്കം വിട്ടുനിൽക്കണം. നവമാധ്യമങ്ങൾക്ക് അധിവൈകാരികത സൃഷ്ടിച്ചു റവന്യൂവർദ്ധിപ്പിക്കാനുള്ള ഉപകരണങ്ങളായി നാം മാറരുത്.
‘ജാതി സെൻസസ് നടത്തുക പ്രാതിനിധ്യം ഉറപ്പാക്കുക’ എന്ന പ്രമേയവുമായി തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ച് ആഗസ്റ്റ് 20ന് നടക്കുന്ന മെക്കയുടെ 36-ആം സ്ഥാപക ദിന സമ്മേളനം വൻപിച്ച വിജയമാക്കി തീർക്കാൻ തീരുമാനിച്ചു. ഇതിലേക്കായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ പ്രസിഡൻറ് ഡോ. എ . നിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ഇ.അബ്ദുൽ റഷീദ് ആമുഖപ്രഭാഷണം നടത്തി. ആരിഫ് ഖാൻ, ഡോ. വി.നൗഷാദ്, ഡോ.എസ്.എ .ഷാനവാസ്, സൈനുൽ അബ്ദീൻ കുഞ്ഞ്, പുലിപ്പാറ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.