തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച വഞ്ചിയൂരിലെ വെടിവയ്പ്പ് കേസിൽ പ്രതിയെ പിടികൂടി പോലീസ്. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. ആക്രമണത്തിന് കാരണം വ്യക്തി വൈരാഗ്യമാണെന്ന് പ്രതി പറഞ്ഞു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ഇവർ കുറ്റം സമ്മതിച്ചു. ആശുപത്രിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തുമായുള്ള അടുപ്പമാണ് ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.
ഷിനിയുടെ ഭർത്താവ് സുജീത്തും ദീപ്തിയും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ആ സമയത്തെ അടുപ്പം പിന്നീട് വ്യക്തി വൈരാഗ്യത്തിലേക്ക് മാറുകയായിരുന്നു. തുടർന്നാണ് ദീപ്തിയുടെ ആക്രമണം.
ഓണ്‍ലൈനായാണ് ദീപ്തി പിസ്റ്റള്‍ വാങ്ങിച്ചത്. അതിനുശേഷം യൂട്യൂബിന്റെ സഹായത്തോടെ ഗൺ ഉപയോഗിക്കാൻ പഠിക്കുകയായിരുന്നു. മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച്ച കൃത്യം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖം മൂടി ധരിച്ച സ്ത്രീ ഷിനിയെ സമീപിച്ചത്. തുടർന്ന് എയർ ഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു സംഭവം നടന്നത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു.