തിരുവനന്തപുരം: കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം കാർണിവൽ തലസ്ഥാനത്ത് ആരംഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി ലുലുമാളിനടുത്തെ വേൾഡ് മാർക്കറ്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ.എ, കൗൺസിലർമാരായ ഡി.ജി കുമാരൻ, പി.കെ ഗോപകുമാർ, അജിത്ത്, വേൾഡ് മാർക്കറ്റ് സെക്രട്ടറി ഷാജി, മുൻ വനിതാ കമ്മീഷൻ അംഗം ഇ. എം. രാധ, എ ടു ഇസഡ് എം.ഡി എ.കെ നായർ, സുബാഷ് അഞ്ചൽ, പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, പ്രസിഡന്റ് പി ആർ പ്രവീൺ , കല്ലുംമൂട് രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയമാണ് എക്സപോയിൽ ഒരുക്കിയിട്ടുള്ളത്. ആഴക്കടലിന്റെ അടിത്തട്ടിൽ വിരാജിക്കുന്ന കൊമ്പന്മാർ മുതൽ വ്യത്യസ്തങ്ങളായ വർണ്ണങ്ങളിൽ വരെ അണിനിരക്കുന്ന കാഴ്ചവിരുന്നാണ് മേളയുടെ പ്രത്യാകത. ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിൽ തീർത്ത് സാഗരക്കാഴ്ചകൾ കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോൾ തലയ്ക്ക് മുകളിൽ വലിയ മത്സ്യങ്ങൾ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാകും. മേളയോടനുബന്ധിച്ച് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തി അപൂർവ പ്രദർശനവും സജ്ജമാക്കിയിട്ടുണ്ട്.
വ്യത്യസ്തങ്ങളായ സെൽഫി പോയിന്റുകൾ ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകതയാണ്. ഇതോടൊപ്പം മെഗാ ഓണം എക്‌സ്‌പോയുമുണ്ട്. ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫർണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും പ്രദർശനവും വിറ്റഴിക്കൽ ഓഫർ മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോർട്ടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ അമ്യൂസ്‌മെന്റ് റൈഡുകളും സജ്ജമാണ്. 40 ദിവസം നീളുന്ന ഈ മഹാമേള ഒക്ടോബർ 2 ന് സമാപിക്കും. മേളയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
ചിത്രം: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി ലുലുമാളിനടുത്തെ വേൾഡ് മാർക്കറ്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന ഓണം കാർണിവൽ മേളയുടെ ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചപ്പോൾ. കടകംപള്ളി സുരേന്ദ്രൻ എം എൽ.എ, കൗൺസിലർമാരായ ഡി.ജി കുമാരൻ, പി.കെ ഗോപകുമാർ, അജിത്ത്, വേൾഡ് മാർക്കറ്റ് സെക്രട്ടറി ഷാജി, മുൻ വനിതാ കമ്മീഷൻ അംഗം ഇ. എം. രാധ, എ ടു ഇസഡ് എം.ഡി എ.കെ നായർ, സുബാഷ് അഞ്ചൽ, പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, പ്രസിഡന്റ് പി ആർ പ്രവീൺ , കല്ലുംമൂട് രാജീവ് തുടങ്ങിയവർ സമീപം.