തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിന് ഇരയായി പോത്തൻകോട് സ്വദേശിയായ അഭിഭാഷകൻ. തട്ടിപ്പിൽ 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അഭിഭാഷകൻപരാതി നൽകി.
പോത്തൻകോട് നന്നാട്ടുകാവ് മുറമേൽ ഹിൽവ്യു ഹൗസിൽ അഡ്വ.ഷാജിക്കാണ് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നഷ്ടമായത്. വാട്സാപ്പിലൂടെയായിരുന്നു തട്ടിപ്പ്.
വാട്സാപ്പ് വഴി സൗഹൃദം സ്ഥാപിക്കൽ ആയിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം. 2024 മെയ് മാസം മുതലായിരുന്നു തട്ടിപ്പ് ആരംഭിച്ചത്.
തട്ടിപ്പുകാർ അമേരിക്കൻ ആസ്ഥാന കമ്പനിയായ എൻ ജി സി ട്രെഡിംഗ് ആൻ്റ് മൈനിംഗ് പ്ലാറ്റ്ഫോമിൻ്റെ വ്യാജ പ്ലാറ്റ്ഫോം നിർമിച്ച് അതിന്റെ രണ്ടു ലിങ്കുകൾ വാട്സ്ആപ്പ് വഴി അഭിഭാഷകന് അയച്ചുകൊടുത്തു. തുടർന്ന് ഈ ലിങ്കുകൾ ഗൂഗിൾ ക്രോം വഴിയും മൊബൈൽ ആപ്പ് വഴിയിലും ഡൗൺലോഡ് ചെയ്യാനും പറഞ്ഞു.
ഇതുവഴിയായിരുന്നു ഇവർ പല തവണകളായി പണം തട്ടിയെടുത്തത്. മെയ് മാസം മുതൽ ഓഗസ്റ്റ് വരെ 42 ലക്ഷം രൂപ വരെ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തു.
ആദ്യ രണ്ട് തവണ ചെറിയ തുകകൾ ലാഭമായി തിരിച്ചുനൽകിയിരുന്നു. ഇതോടെ വിശ്വാസം ലഭിച്ച അഭിഭാഷകൻ അതിനു ശേഷം പത്ത് ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ട്രേഡിംഗ് ലാഭ വിഹിതം ഉൾപ്പെടെയുള്ള തുക പിൻവലിക്കാൻ കൂടുതൽ പൈസ അടയ്ക്കണം എന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
അങ്ങനെയായിരുന്നു പല ഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് 42 ലക്ഷം രൂപ നൽകിയത്.പിന്നീട് തുക പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തട്ടിപ്പുകാർ കേരളത്തിന് പുറത്തുനിന്നുള്ളവരാണ് എന്നാണ് വിവരം. പോത്തൻകോട് പോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.