തിരുവനന്തപുരം: സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഒക്കെയായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ജാതി മത ഭേത മന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.
ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. അത്തം നാളിൽ ആരംഭിച്ച അത്തപൂക്കളം ഇന്നാണ് അവസാനിച്ചത്.
തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് അത്തപ്പൂക്കളത്തിൽ തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുന്നതോടെയാണ് തിരുവോണ നാളിലെ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തെ കൂടുതൽ മനോഹരമാക്കും.
തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. കേരളത്തിലെ ഏക വാമന ക്ഷേത്രമായ തൃക്കാക്കരയിൽ പതിവ് തെറ്റിക്കാതെ വിപുലമായ രീതിയിലാണ് ഓണാഘോഷം. ഓണം പ്രമാണിച്ചുള്ള ചടങ്ങുകൾ പുലർച്ചെ തന്നെ ആരംഭിച്ചു.