തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ലെന്നാണ് റിപ്പോർട്ട്. അതേസമയം ശമ്പളം , പെൻഷൻ, മരുന്നുവാങ്ങൽ ചെലവുകൾ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയന്ത്രണം സംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി. നേരത്തെ 25 ലക്ഷമായിരുന്നു പരിധി. ഏറെക്കാലമായി അഞ്ചു ലക്ഷമായിരുന്ന ബിൽ മാറ്റ പരിധി. ഇത് ജൂൺ 24 നാണ് 25 ലക്ഷമാക്കിയത്.
ഇതോടെ ട്രഷറി നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും കാര്യമായി ബാധിക്കും. മാത്രമല്ല ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവുമെന്നാണ് അറിയുന്നത്.