തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്.
ഇതനുസരിച്ച് സ്‌കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും.
സ്‌കൂൾ ക്യാമ്പസുകൾ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനായി പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നവംബർ ഒന്നോടെ 50 ശതമാനം സ്‌കൂളുകളെയും ഡിസംബർ 31ഓടെ നൂറു ശതമാനം സ്‌കൂളുകളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം നവംബർ 1ന് കുട്ടികളിലൂടെ വീടുകളിലെത്തിക്കും. ലഹരിമുക്ത ക്യാമ്പസാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 100 ദിന കർമപരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ 33ഉം തൊഴിൽ വകുപ്പിൽ 8 ഉം പ്രധാന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.