തിരുവനന്തപുരം:പരീക്ഷമൂല്യനിർണ്ണയത്തിൽ ഈ വർഷ മുതൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ തിരുവനന്തപുരം കഴക്കൂട്ടത്ത് സംഘടിപ്പിച്ച ഇരുപത്തി എട്ടാമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളന സമാപന സെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യനിർണ്ണയത്തിൽ സമഗ്ര പരിഷ്കരണം നടപ്പിൽ വരുത്തും. കണ്ണടച്ച് എല്ലാവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കും. മിനിമം മാർക്ക് നേടുന്നവർ മാത്രമേ ക്ലാസ് പ്രൊമോഷന് യോഗ്യത നേടൂ. സർക്കാർ നയത്തിന് വിരുദ്ധമായി വിദ്യാഭ്യാസ പ്രവേശനത്തിന് അമിത പണമീടാക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കില്ല. ഇത്തരത്തിൽ ഫീസിന്റെ പേരിൽ സ്കൂളുകൾ നടത്തുന്ന കൊള്ള നിയന്ത്രിക്കും.
കുട്ടികളിൽ മതേതര മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നത് സർക്കാറിന്റെ പ്രഖ്യാപിത നയമാണ്. പൊതു സമൂഹത്തിന്റെ പിന്തുണയോടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും മത്സര പരീക്ഷകളിൽ ഉന്നത നിലവാരമുള്ളവരാകാനും പ്രത്യേക പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം കുട്ടിചേർത്തു.