കഴക്കൂട്ടം : കഴക്കൂട്ടത്ത് സ്വീവേജ് പൈപ്പിടുന്ന യന്ത്രത്തിൽ ബൈക്കിടിച്ചു കയറി ഹോട്ടലുടമ മരിച്ചു. തൃശ്ശൂർ പുളിൻചോട്, ഇളന്തോളി ഹൗസിൽ സുനിൽകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു അപകടം.
കുളത്തൂർ – കഴക്കൂട്ടം റോഡിൽ ആറ്റിൻകുഴി ദേവീക്ഷേത്രത്തിന് സമീപത്താണ് അപകടം. കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം മിസ്റ്റർ എസ്. ബി. ഹോട്ടൽ നടത്തുന്ന ആളാണ് സുനിൽകുമാർ. ഹോട്ടൽ അടച്ച് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങവേയായിരുന്നു സംഭവം. റോഡ് തുരക്കുന്ന യന്ത്രം റോഡിൻ്റെ മദ്ധ്യത്തിൽ കിടക്കുകയായിരുന്നു. ഇതിലേക്ക് സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.കഴക്കൂട്ടം- മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ ഭാഗമായി ദിവസങ്ങളായി ഈ ഭാഗത്ത് യന്ത്രത്തിൻ്റെ സഹായത്തോടെ
പൈപ്പിടൽ ജോലികൾ നടന്നു വരുക യായിരുന്നു. മുൻകരുതലുകളോ മുന്നറിയിപ്പു ബോർഡുകളാേ സ്ഥാപിക്കാതെയായിരുന്നു പണികൾ നടന്നിരുന്നത്. തെരുവ് വിളക്കുകൾ പൂർണ്ണമായി കത്താത്തതിനാൽ ഈ ഭാഗത്ത് നല്ല ഇരുട്ടായിരുന്നു. റോഡിൻ്റെ മദ്ധ്യത്തിൽ കറുത്ത നിറത്തിലുള്ള യന്ത്രം കിടക്കുന്നത് വാഹന യാത്രക്കാർക്ക് പെട്ടെന്ന് കാണാൻ കഴിയുമായിരുന്നില്ല. മാത്രമല്ല റിഫ്ലക്ടർ സ്റ്റിക്കറോ മറ്റ് ലൈറ്റുകളോ മുന്നറിയിപ്പ് സൂചനകളായി യന്ത്രത്തിൽ ഘടിപ്പിക്കാത്തതും അപകടത്തിന് കാരണമായി.
ഭാര്യ: ഡിഷ . മക്കൾ: സിദ്ധിവിനായക്, സിദ്ധിർമയി. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി നാളെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും.