കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് താനെന്നും തന്റെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പാലക്കാട് സ്ഥാനാർഥി സ്ഥാനത്തേക്ക് മൂന്ന് പേരുകൾ നൽകിയിരുന്നു. എന്നാൽ രണ്ട് പേർ മത്സരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങെനയാണ് കൃഷ്ണകുമാർ സ്ഥാനാർത്ഥിയായത്.അതെ സമയം പാലക്കാട്ട് വോട്ട് ശതമാനം ഉയര്‍ത്താൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.