തിരുവനന്തപുരം: മുൻ സി പി എം നേതാവ് മധു മുല്ലശ്ശേരിക്ക് പിന്നാലെ മകനും മകളും ബി ജെ പിയിൽ ചേർന്നു. സിപിഎം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടച്ച ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഇരുവർക്കും അംഗത്വം നല്‍കിയത്.
പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണ്. ഇനിയും സിപിഎം നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇരുവർക്കും പിന്നാലെ മധു മുല്ലശേരിയുടെ മകൾ മാതു മുല്ലശ്ശേരിയും ബി ജെ പിയിൽ ചേർന്നു.
വൈക്കം തലയാഴത്ത് താമസിക്കുന്ന മാതുവിന്റെ വീട്ടിലെത്തി ബിജെപി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ ശശിയാണ് അംഗത്വം നല്‍കിയത്. 42 വര്‍ഷം സി പി എം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അച്ഛനെ ഒന്നുമല്ലാതാക്കി തീര്‍ത്തെന്നാണ് മാതു പറയുന്നത്. ഓർമ വച്ച കാലം മുതൽ അച്ഛൻ പാർട്ടിക്ക് വേണ്ടി കഷ്ടപെടുന്നതാണ് കണ്ടിട്ടുള്ളതെന്നും മാതു പ്രതികരിച്ചു.