spot_imgspot_img

പോത്തൻകോട്-മംഗലപുരം റോഡിന്റെ നിർമാണ പ്രവർത്തികൾക്ക് തുടക്കമായി

Date:

spot_img

തിരുവനന്തപുരം: കേരളത്തിന്റെ ഇന്നത്തെ വികസനത്തിൽ നിർണായക പങ്കുള്ള സ്ഥാപനമാണ് കിഫ്ബിയെന്നും കഴിഞ്ഞ സർക്കാർ കേരളത്തിന്റെ വികസനപദ്ധതിയായി കിഫ്ബിയെ മാറ്റിയെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പഴകുറ്റി-മംഗലപുരം റോഡിന്റെ, മൂന്നാം റീച്ചായ പോത്തൻകോട്-മംഗലപുരം റോഡിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്‌ളൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവ 18,445 കോടി രൂപ ചെലവഴിച്ച് നിർമിച്ചത് കിഫ്ബി വഴിയാണ്. ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 5,580 കോടി രൂപയും കിഫ്ബി വഴിയാണ് നൽകിയത്. മലയോര പാത, തീരദേശപാത, ആരോഗ്യമേഖല, പൊതുവിദ്യാഭ്യാസമേഖല, കെ-ഫോൺ, ട്രാൻസ്ഗ്രിഡ് വൈദ്യുത പ്രസരണ -വിതരണ ശൃംഖല, ഇൻഡസ്ട്രിയൽ പാർക്കുകൾ, കളിക്കളങ്ങൾ, സാംസ്‌കാരിക നിലയങ്ങൾ ഉൾപ്പെടെ കേരളത്തിന്റെ വികസനത്തിലെ സമസ്തമേഖലയിലും കിഫ്ബിക്ക് പ്രധാന പങ്ക് വഹിക്കാനായെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസന മേഖലയിലുണ്ടായ കുതിച്ചുച്ചാട്ടത്തിന്റെ ചാലകശക്തിയാണ് കിഫ്ബിയെന്നും കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർ നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നെടുമങ്ങാട് മണ്ഡലത്തിൽ പൊതുമരാമത്ത് മേഖലയിൽ മാത്രം 239.27 കോടി രൂപയുടെ കിഫ്ബി പ്രവൃത്തികളാണ് വിവിധഘട്ടങ്ങളിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മറ്റ് റോഡുകൾക്ക് മാതൃകയാകുന്ന തരത്തിൽ ഡിസൈൻഡ് റോഡായി പോത്തൻകോട്-മംഗലപുരം റോഡിനെ മാറ്റുമെന്നും ഓടക്ക് പുറമേ കുടിവെള്ളം, കേബിളുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള യൂട്ടിലിറ്റി ഡക്ടുകളും ഉൾപ്പെടെ ഭാവിയിലേക്ക് കൂടി കരുതിവെക്കുന്ന രീതിയിലാണ് റോഡിന്റെ നിർമാണമെന്നും മന്ത്രി വ്യക്തമാക്കി.

പോത്തൻകോട് ജംങ്ഷനിൽ നടന്ന പൊതുപരിപാടിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. മരാമത്ത് മേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിലും ഉൾപ്പെടെ നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് ആയിരക്കണക്കിന് കോടി രൂപയാണ് സർക്കാർ വിനിയോഗിക്കുന്നതെന്നും നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായതെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്കെതിരായ തെറ്റായ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീഴരുതെന്നും വികസനപ്രവർത്തനങ്ങളുടെ ഭാഗമായ പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായ പരിഹാരമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാടിന്റെ വികസന പുരോഗതിക്ക് വേഗതകൂട്ടുന്ന സമീപനമാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും വികസന വിരോധികളെ ജനങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ ഹരിപ്രസാദ്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ അനിൽ, അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് ഹരികുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, ജില്ലാ പഞ്ചായത്തംഗം ഉനൈസാ അൻസാരി, കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.

*പോത്തൻകോട് -മംഗലപുരം റോഡ്*

പഴകുറ്റി – മംഗലപുരം റോഡിന് 19.85 കിലോ മീറ്റർ നീളമാണുള്ളത്. ഇതിൽ മൂന്നാം റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെ 6.1 കിലോമീറ്ററാണ് റോഡിന്റെ നീളം. കിഫ്ബി ധനസഹായത്തോടെ 47.83 കോടി രൂപയാണ് റോഡിന്റെ നിർമാണത്തിനായി വിനിയോഗിക്കുന്നത്. ഇതിൽ സ്ഥലമേറ്റെടുപ്പിനുള്ള 9.46 കോടി രൂപയും ഉൾപ്പെടുന്നു. എം.സി റോഡിനേയും ദേശീയപാത 66നേയും തിരുവനന്തപുരം -ചെങ്കോട്ട റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. 13.6 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. 10 മീറ്റർ ടാറിങ്ങും 1.8 മീറ്റർ ഇരുവശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്‌പേസും ഉൾപ്പെടുത്തിയാണ് നിർമാണം.

247 കുടുംബങ്ങളിൽ നിന്നായി 66 സെന്റ് ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ 172 പേർക്കുള്ള ആറ് കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

പഴകുറ്റി – മംഗലപുരം റോഡിൽ പഴകുറ്റി മുതൽ മുക്കംപാലമൂട് വരെ ആദ്യ റീച്ചും മുക്കംപാലമൂട് മുതൽ-പോത്തൻകോട് വരെ രണ്ടാം റീച്ചും പോത്തൻകോട് മുതൽ മംഗലപുരം വരെ മൂന്നാം റീച്ചും എന്നിങ്ങനെയാണ് നിർമാണം നടക്കുന്നത്. 200 കോടിയോളം രൂപയാണ് പഴകുറ്റി – മംഗലപുരം റോഡ് നിർമാണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ആറ് മാസത്തിനുള്ള റോഡ് നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. ശ്രീ ധന്യ കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് 2 പേർ മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് 2 പേർ മുങ്ങി മരിച്ചു. ഉള്ളൂരാണ് സംഭവം. ഓട്ടോ...

കൈത്തറിയുടെ മനോഹാരിതയുമായി സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ ഡിസംബര്‍ 15 വരെ

കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ...

29ാമത് ഐ.എഫ്.എഫ്.കെ; മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: 2024 ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി...

വഞ്ചിയൂരിൽ വഴിയടച്ച് സ്റ്റേജ് കെട്ടിയ സംഭവം; ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ വഴിയടച്ച് സ്റ്റേജ് കെട്ടിയ സംഭവവത്തിൽ പോലീസ് കേസെടുത്തു....
Telegram
WhatsApp