
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ ഇടപ്പെട്ട് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ മന്ത്രി നിർദേശം നൽകി.
വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി ശിവൻകുട്ടി നിര്‍ദേശം നല്‍കിയത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ, അറ്റകുറ്റപണികൾ നടത്തുന്ന കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് ചെങ്കല്‍ സര്‍ക്കാര്‍ സ്കൂളിലെ 7 -ാം ക്ലാസ് വിദ്യാര്‍ഥിനി നേഹയെ പാമ്പു കടിച്ചത്. സ്കൂളിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ വലതുകാൽപാദത്തിലാണ് കടിയേറ്റത്. ഉടൻ തന്നെ നേഹയെ ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പച്ചു. നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് നേഹ.


