തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. മൂന്ന് പേർ സഞ്ചാരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗേറ്റ് അടച്ചുകൊണ്ടിരിക്കെ ബൈക്ക് അമിത വേഗതയിൽ എത്തുകയും നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ച് നിൽക്കുകയുമായിരുന്നു.
തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഗേറ്റ് അടച്ച ശേഷമായിരുന്നു ഇവർ കടന്നുവന്നിരുന്നതെങ്കിൽ വൻ അപകടം സംഭവിച്ചേനേയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൂന്നു പേരിൽ രണ്ടു പേർക്കാണ് പരിക്കേറ്റത്. മൂന്നാമൻ ചാടി രക്ഷപ്പെട്ടു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇവർ എത്തിയതെന്നാണ് പ്രാഥമിക വിവരം.