പോത്തൻകോട് : സാങ്കേതിക രംഗത്ത് നിർമ്മിതബുദ്ധിയുടെ അനന്തസാദ്ധ്യതകൾ വിളിച്ചോതി ശാന്തിഗിരി ഫെസ്റ്റിൽ റോബോട്ടിക് എക്സ്പോയ്ക്കു തുടക്കമായി. അക്വ്യൂറോ ടെക്നോളജീസാണ് ഫെസ്റ്റിൽ റോബോട്ടിക് എക്സ്പോ അവതരിപ്പിക്കുന്നത്. എക്സ്പോയുടെ ഉദ്ഘാടനം എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ട് കെ. മുഹമ്മദ് ഷാഫി. ഐ.പി.എസ് നിർവഹിച്ചു . ഇന്ന് പുതുതലമറ കൂടുതൽ ആശ്രയിക്കുന്നത് സാങ്കേതികവിദ്യകളെയാണ് . സാങ്കേതികരംഗത്തെ മികവ് നാടിന്റെ വളർച്ചയ്ക്ക് ഗുണകരമായി തിരുന്നുവെന്നും സമൂഹത്തിന്റെ എല്ലാ മേഖലളിലുളളവരിലും ഇത്തരം അറിവുകൾ എത്തിക്കാൻ കൂടുതൽ എക്സ്പോകൾ സംഘടിപ്പിക്കണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
സ്വാമി മനുചിത്ത്, ജനനി പൂജ , ജനനി കൃപ, സ്മിജേഷ്. എം, മനോജ്.ഡി, ജിജി .എൻ.ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും വ്യ്വവസായ മേഖലകളിലും ആവശ്യങ്ങൾക്കനുസരിച്ച് റോബോട്ടുകളെ നിർമ്മിച്ച് നൽകാറുണ്ടെന്ന് സ്റ്റാർടപ്പ് സംരഭകനും അക്വ്യൂറോ ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറുമായ കൃഷണനുണ്ണി .ജെ.എസ് പറഞ്ഞു.
ഫെസ്റ്റിൽ തുടക്കമായ റോബോട്ടിക് എക്സ്പോയിൽ കാണാനും അനുഭവിച്ചറിയാനും നിരവധി റോബോട്ടുകളും പോളിലാറ്റിക് ആസിഡ് ഉപയോഗിച്ചുളള ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുമൊക്കെ ഒരുക്കിയിട്ടുണ്ട്. ഓടിയും ചാടിയും നൃത്തം ചെയ്തും സലാം വെച്ചും നടക്കുന്ന റോബോ നായ്ക്കുട്ടിയാണ് എക്സ്പോയിലെ താരം.
കുട്ടികളോടൊപ്പം കളിക്കാൻ അനിമേഷൻ വീഡിയോകളിലുളള വോളി റോബോട്ട്, വിദ്യാഭ്യാസപരമായ അറിവുകൾ പങ്കുവെയ്ക്കുന്ന ശാന്തി റോബോട്ട്, ഫുട്ബോൾ കളിക്കാൻ റെഡിയായി നിൽക്കുന്ന സ്പോർട്സ് റോബോട്ട് എന്നിവയും എക്സ്പോയിലുണ്ട്. നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ഉളളിലെ യഥാർത്ഥഭാവം തിരിച്ചറിയുന്ന റോബോട്ട് സന്ദർശകർക്ക് കൗതുകമായി. റോബോട്ടുകളെ കാണാൻ കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കാണ്. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെ എക്സ്പോ സന്ദർശിക്കാം. ജനുവരി 19 വരെ പ്രദർശനമുണ്ട്.