
തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കലോത്സവം പൂർണമാകുന്നത് വരെ അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം നൽകുന്നതിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർ, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവർ മെഡിക്കൽ ടീമിൽ ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടാം. കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മന്ത്രി ആശംസകൾ നേർന്നു.
സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര ഘട്ടത്തിൽ 9072055900 എന്ന നമ്പരിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് വേദികളിലേയും പരിസരങ്ങളിലേയും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം പരിശോധന നടത്തും. പകലും രാത്രിയിലും പരിശോധനകൾ നടത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയും സജ്ജമാക്കി. വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികൾക്ക് കുടിക്കാനായി ശുദ്ധജലം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.


