പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം കേസ് അന്വേഷിക്കുക. പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ബസിനുള്ളിൽ പോലും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതുവരെ 26 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 14 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ അച്ഛന്റെ സ്മാർട്ട് ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. കുട്ടിയുടെ അച്ഛന് ഫോൺ ഉപയോഗിക്കാൻ അറിയില്ല. അത് കരുവാക്കി പ്രതികൾ ഈ ഫോണിലേക്ക് കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയും തുടർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്.
പെണ്‍കുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ ഇലവുംതിട്ട സ്വദേശി സുബിന്‍ ആണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. കേസിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുണ്ട്.