തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നുവെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി കൂടുതല്‍ പണം നല്‍കി പി പി ഇ കിറ്റ് വാങ്ങിയെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
ഇതുവഴി 10.23 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാന സർക്കാരിന് ഉണ്ടായിരിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുവെന്നും സിഎജി വെളിപ്പെടുത്തി. മാത്രമല്ല 2020 മാര്‍ച്ച് 28 ന് പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയെന്നും എന്നാൽ മാർച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
1000 രൂപയാണ് രണ്ടു ദിവസത്തിനിടയ്ക്ക് വിലവർധിച്ചത്. കൂടാതെ കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിക്ക് ഓർഡർ കൊടുക്കാതെ സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുഴുവന്‍ പണവും മുന്‍കൂറായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമർശിച്ചിരിക്കുന്നു.