കഴക്കൂട്ടം: പണം മോഷ്ടിക്കാറുണ്ട്, കൈയിൽ നിന്ന് തട്ടിപറിക്കാറുണ്ട് എന്നാൽ മംഗലപുരത്ത് വിചിത്രമായ മോഷണമാണ് നടന്നത്. കൈയിൽ കാശില്ലാത്തതിനാൽ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് 500 രൂപ കള്ളന്റെ അക്കൗണ്ടിലേക്ക് അയച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഒരുപക്ഷെ കേട്ടുകേൾവിപോലുമില്ലാത്ത ഒരുമോഷണം ആയിരിക്കാം. കൂടാതെ അതിഥിത്തൊഴിലാളികളെ മർദ്ദിച്ച് മൊബൈൽഫോണും കവർന്നതായി പരാതി. വ്യത്യസ്തമായ മൂന്ന് സംഭവങ്ങളിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേർ മംഗലപുരം പൊലീസിന്റെ പിടിയിൽ.
മംഗലപുരം ചരുവിള പുത്തൻവീട്ടിൽ അഷറഫ് (23) അറസ്റ്റിലായവരിൽ ഒരാൾ. കഴിഞ്ഞ 16ന് രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ഒഡീഷാ സ്വദേശികളായ സാമ്രാട്ട് മണ്ഡലിനെയും സുഹൃത്ത് സീതനെയും മർദ്ദിച്ച് പണം കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി ഫോൺപേ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം അയപ്പിക്കുകയും ചെയ്തത്. 35000 രൂപ വിലവരുന്ന ഐഫോണും തട്ടിയെടുത്തു. 15 ന് രാത്രി 10 .30 ന് ഹോട്ടൽ തൊഴിലാളിയായ അസം സ്വദേശി ഫരീദിനെ സ്കൂട്ടറിലെത്തിയ സംഘം മർദ്ദിച്ച പതിനായിരം രൂപ തട്ടിയെടുത്തിരുന്നു.
ഇതേ ദിവസം മംഗലാപുരം ദേശീയപാതയ്ക്ക് സമീപം ആസം സ്വദേശി അനിൽ രവിദാസിനെ ആക്രമിച്ച് ഫോൺ തട്ടിയെടുത്തു. മൂന്ന് സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.