
തിരുവനന്തപുരം : സ്ത്രീകളെ ആത്മീയതയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതാണ് നമ്മുടെ രാജ്യത്തിന്റെ ഇരുണ്ടകാലഘട്ടം. എന്തിന്റെ പേരിലായാലും സ്ത്രീകള്‍ എന്നും മുന്നില്‍ നില്‍ക്കേണ്ടവരാണെന്നും സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ചു കാണുന്ന സമകാലിക ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.
പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളോടനുബന്ധിച്ച് ശാസ്തമംഗലം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ലോകത്ത് ഇന്നുവരെ വന്ന എല്ലാ ഗുരുക്കന്‍മാരും ആചാര്യന്‍മാരും പ്രവാചകരുമൊക്കെ ശ്രമിച്ചത് സത്രീകളെ ആത്മീയപരമായി ഉയര്‍ത്തികൊണ്ടുവരാനാണ്. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതും അതിനു വേണ്ടി ശ്രമിച്ചതിനാണ്. എന്നാല്‍ ഇന്ന് യാഥാസ്ഥികതയുടെ കോട്ടകള്‍ തകര്‍ത്ത് ലോകത്തിന്റെ ആത്മീയഭൂപടത്തില്‍ നാരീശക്തിയുടെ മഹനീയമായ അടയാളപ്പെടുത്തലായി ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ശിഷ്യപൂജിത മാറിയെന്നും സ്വാമി പറഞ്ഞു.
ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഡോ. റ്റി.എസ്.സോമനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവഗിരി മഠം ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്വാമി സൂക്ഷമാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ആരാണ് ഞാൻ എന്ന് സ്വയം തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ആത്മീയതയെന്നും ജീവിതത്തിൽ ചിന്തകളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കാനല്ല, മാനേജ് ചെയ്യാനാണ് ഓരോരുത്തരും പഠിക്കേണ്ടതെന്നും സ്വാമി പറഞ്ഞു.
ചടങ്ങില്‍ സ്വാമി ഗുരുസവിധ് , ജനനി കൃപ ജ്ഞാന തപസ്വിനി, സ്വാമി ആത്മധര്‍മ്മന്‍, ജനനി സുകൃത എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ സുദീപ്.പി, കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസര്‍ സബീര്‍ തിരുമല, വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ മുരുകന്‍. വി, ദീപ.എസ്.എസ്, സത്പ്രിയന്‍.എസ്.എം, അഡ്വ.ദിവ്യ.ജെ, ശിവന്‍.ജി.നായര്‍, ശുഭകുമാരി. എന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശാന്തിഗിരി ആദ്ധ്യാത്മിക മാസികയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന ‘ഗുരുവിനെ അറിയാന്‍‘ എന്ന ക്യാമ്പയിനും സത്സംഗത്തില്‍ തുടക്കമായി. ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തുടനീളവും രാജ്യാന്തരതലത്തിലും സത്സംഗങ്ങളും സമ്മേളനങ്ങളും നടന്നുവരികയാണ്. ഫെബ്രുവരി 15 ന് മലപ്പുറം തെയ്യാലയിലും 16 ന് കോഴിക്കോട് വിശ്വജ്ഞാനമന്ദിരത്തിലും നടക്കുന്ന സത്സംഗങ്ങളില്‍ ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കും.
ഫെബ്രുവരി 22നാണ് പൂജിതപീഠം സമര്‍പ്പണം. എക്കാലവും ശാന്തിഗിരി പരമ്പരയെ നയിക്കാന്‍ ജ്ഞാനിയായ ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കും എന്ന ഗുരുവാക്കിനെ അന്വര്‍ത്ഥമാക്കി ശിഷ്യയായ അമൃത ജ്ഞാന തപസ്വിനി ആത്മീയ അവസ്ഥകള്‍ കടന്ന് ഗുരുവിന്റെ ശിഷ്യപൂജിതയായ പുണ്യദിനമാണ് പൂജിതപീഠം സമര്‍പ്പണദിനമായി ആഘോഷിക്കുന്നത്. അന്നേ ദിവസം അര്‍ദ്ധവാര്‍ഷിക കുംഭമേളയോടെ ഇക്കൊല്ലത്തെ പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങള്‍ക്ക് സമാപനമാകും.


