
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസ് വിദ‍്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെയാണ് മംഗലപുരത്ത് നിന്ന് വിദ്യാർഥിയെ തട്ടികൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. തട്ടികൊണ്ടപോകലിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ അഭിരാജ് , അഭിറാം എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പുറത്തുവരുന്ന വിവരം. തട്ടികൊണ്ടുപോയ വിദ്യാർത്ഥിയെ പ്രതികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 7:45:നാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
ആറ്റിങ്ങൽ ഭാഗത്ത് നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.


