
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണി വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ അറിയിച്ചു.
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


