
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് വിവരം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്. ആനകൾ ഇടഞ്ഞത് ഉഗ്രശബ്ദത്തിൽ കരിമരുന്ന് പ്രയോഗം നടത്തിയപ്പോളാണ്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തുകയായിരുന്നു. തുടർന്ന് രണ്ട് ആനകളും ഇടഞ്ഞോടുകയുമായിരുന്നു.
ഇതിനിടെ ആളുകള്‍ വീണുപോയി. ഉടന്‍ തന്നെ രണ്ട് ആനകളേയും പാപ്പാന്മാര്‍ എത്തി തളച്ചു. ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ ക്ഷേത്ര ഓഫീസ് തകർന്നിട്ടുണ്ട്.


