
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്ന സംഭവത്തിൽ രണ്ടു പേർ കൂടിപിടിയിൽ. മലയിൻകീഴ് പൊട്ടൻകാവ് സ്വദേശികളും സുഹൃത്തുക്കളുമായ അഖിൽ മോഹൻ (26), തൗഫീക്ക് (28) എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ പ്രതികളെല്ലാം പിടികൂടിയാതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ലം സ്വദേശിയായ ആഷിക്കിനെയാണ് പ്രതികൾ സംഘം ചേർന്ന് തട്ടികൊണ്ടുപോയത്. പ്രതികളും ആഷിക്കും സുഹൃത്തുക്കളാണ്. എതിർചേരിയിലുള്ളവരുമായി ആഷിക് അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് പ്രതികൾ ഇയാളെ തട്ടികൊണ്ടുപോയത്.
വൈകുന്നേരം നാല് മണിയോടെ വണ്ടിത്തടം ഭാഗത്ത് നിന്നുമാണ് ഇവർ ആഷികിനെ കാറിൽ കയറ്റികൊണ്ടുപോയത്. തുടർന്ന് കാട്ടാക്കടയ്ക്ക് സമീപം എത്തിച്ച് ആഷിക്കിനെ ഏഴംഗസംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ബിയർ ബോട്ടിൽകൊണ്ട് യുവാവിന്റെ നട്ടെല്ലിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നും തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളിൽ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ബെംഗളുരുവിലേക്ക് കടന്ന അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം ഫാം ഹൗസിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അഖിൽ, തൗഫീഖ് എന്നിവർ തിരുവനന്തപുരത്ത് തന്നെ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പൊക്കിയത്. ബെംഗളുരുവിൽ നിന്ന് അറസ്റ്റിലായ വണ്ടിത്തടം പാലപ്പൂര് സ്വദേശി മനുകുമാർ(31), അട്ടക്കുളങ്ങര കരിമഠം സ്വദേശി ധനുഷ്(20), അമ്പലത്തറ സ്വദേശി രോഹിത്(29), മലയിൻകീഴ് സ്വദേശി നിതിൻ(25), പൂന്തുറ സ്വദേശി റഫീക്(29) എന്നിവരാണ് കേസിൽ പിടിയിലായിരിക്കുന്നത്.


