
കഴക്കൂട്ടം: കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാറുകാരനായ അക്കൗണ്ട് അസിസ്റ്റൻറ് അറസ്റ്റിൽ. കരമന തളിയിൽ സ്വദേശി കല്യാണ സുന്ദർ (36) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
പോങ്ങുംമൂട് ബാബുജി നഗറിലെ ഹോർട്ടികോർപ്പിൻ്റെ ആസ്ഥാനത്തിൽ 2018 മുതൽ അക്കൗണ്ട് അസിസ്റ്റൻ്റായ കരാർ ജീവനക്കാരനാണ് കല്യാണ സുന്ദർ.
കഴിഞ്ഞ രണ്ട് വർഷമായി വിവിധ കർഷകരുടെ പത്ത് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.കർഷകരുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി
ഇയാളുടെ അച്ഛൻറെ അക്കൗണ്ട് നമ്പർ ആണ് ട്രഷറിയിൽ കൊടുത്തു പണം തട്ടിയെടുത്തത്.കർഷകർ ഹോർട്ടികോർപ്പിന് സാധനങ്ങൾ കൈമാറിയ ശേഷം പിന്നീടാണ് ട്രഷറി വഴി പണം കർഷകരുടെ അക്കൗണ്ടിൽ എത്തുന്നത്.കർഷകർ പണം കിട്ടുന്നില്ല എന്ന പരാതിയുമായി ഹോർട്ടികോർപ്പിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്ത് അറിയുന്നത്.അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചപ്പോൾ കർഷകരുടെ അക്കൗണ്ട് നമ്പറിന് പകരം കല്യാണ സുന്ദരൻ്റെ അച്ഛൻറെ അക്കൗണ്ട് നമ്പർ എഴുതി ട്രഷറിയിൽ നിന്നും പണം കൈപ്പറ്റിയതായി കണ്ടെത്തി.തുടർന്ന് ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥർ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


