
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ബാറിൽ സംഘർഷം. ആക്രമണത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. പോത്തൻകോട് ബാറിലാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു.
വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവ് രാജ് ( 27 ) നും സുഹൃത്ത് ഷിജിനും(26) ആണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8 മണിയോടെ സജീവും സുഹൃത്തുക്കളായ ഷിജിൻ , മഹേഷ് എന്നിവർ ചേർന്ന് ബാറിലിരുന്ന് മദ്യപിക്കുകയും തൊട്ട് അടുത്തിരുന്ന നാലംഗ സംഘത്തിലെ അയിരൂർപാറ സ്വദേശികളായ വിഷ്ണു , ശ്യാംഎന്നിവർ സജീവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് കേസ്.
വിഷ്ണുവും ശ്യാമും രണ്ട് സുഹൃത്തുക്കളും ചേർന്ന് കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് സജീവിനെയും ഷിജുവിനെയും തലയിലും മുഖത്തും കയ്യിലും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോത്തൻകോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


