
തിരുവനന്തപുരം: എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍ ഏപ്രില്‍ ഏഴിനു വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഏഴിനു പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു സൗകര്യപ്രദമായ മറ്റൊരു ദിവസം പരീക്ഷ എഴുതാന്‍ അനുമതി നല്‍കും. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷാനടത്തിപ്പില്‍നിന്നു മാറ്റിനിര്‍ത്തും. മൂന്നു ദിവസത്തിനകം പരീക്ഷാഫലം പ്രഖ്യാപിക്കാനും തീരുമാനം..
എന്നാല്‍, അധ്യാപകന്റെ വീഴ്ചയെ തുടര്‍ന്ന് വീണ്ടും പരീക്ഷ എഴുതേണ്ടതായി വന്നതില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്്. വിദ്യാര്‍ഥികളില്‍ പലരും ക്യാംപസ് സെലക്ഷന്‍ ലഭിച്ചു ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ചിലര്‍ വിദേശത്താണുള്ളത്. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിവരം ദിവസങ്ങളോളം മറച്ചുവച്ച സര്‍വകലാശാല ഒടുവില്‍ കുട്ടികളോടു വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായ വിവരം പുറത്തുവരുന്നത്.
പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ ‘പ്രോജക്ട് ഫിനാന്‍സ്’ വിഷയത്തിന്റെ ഉത്തരക്കടലാസ് ആണു നഷ്ടമായത്. അഞ്ച് കോളജുകളിലെ 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ പാലക്കാട്ടുള്ള അധ്യാപകന്റെ പക്കല്‍നിന്നാണു നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്. ഉത്തരക്കടലാസുകള്‍ യാത്രയ്ക്കിടെ ബൈക്കില്‍നിന്നു വീണുപോയെന്നാണ് അധ്യാപകന്റെ വിശദീകരണം.
രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ട എംബിഎ കോഴ്‌സിന്റെ പരീക്ഷാഫലം രണ്ടര വര്‍ഷമായിട്ടും പ്രഖ്യാപിച്ചിരുന്നില്ല. ഇതു സംബന്ധിച്ചു വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞെങ്കിലും കാരണം വിശദീകരിക്കാന്‍ സര്‍വകലാശാല കൂട്ടാക്കിയിരുന്നില്ല. ഇതിനിടെയാണ് ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ച് വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു ലഭിച്ചത്. ഇതോടെയാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം പുറത്തായത്.


