spot_imgspot_img

തലച്ചോറിലെ കുഞ്ഞൻ രക്തക്കുഴലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുന്ന ‘മൊയമൊയ’ ഡിസോർഡർ; കിംസ്ഹെൽത്തിൽ പ്രൊസീജിയർ വിജയകരം

Date:

തിരുവനന്തപുരം. അപൂര്‍വ്വ രോഗാവസ്ഥയായ ‘മൊയമൊയ’ ബാധിതനായ മാലിദ്വീപ് സ്വദേശിയെ വിദഗ്ധ ചികിത്സയിലൂടെ തിരികെ കൊണ്ടുവന്ന് തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. വലത് കൈ, കാല്‍ എന്നിവയിലെ തളര്‍ച്ച, സംസാരിക്കുവാനുള്ള പ്രയാസം തുടങ്ങിയ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളോടെയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എംആര്‍ഐയില്‍ ഇടത് തലച്ചോറില്‍ സ്‌ട്രോക്ക് ഉണ്ടെന്ന് കണ്ടെത്തി. രക്തയോട്ടത്തിലെ തകരാറുകള്‍ തിരിച്ചറിയുന്നതിനായി രക്തക്കുഴലുകളുടെ അകം പരിശോധിക്കുന്നതിനുള്ള പ്രൊസീജിയാറായ ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രഫി പരിശോധയ്ക്കും പിന്നീട് രോഗിയെ വിധേയനാക്കി.

ഡിഎസ്എ പരിശോധനയിലാണ് അപൂര്‍വ്വരോഗ ബാധയായ ‘മൊയമൊയ’ രോഗിയിലുണ്ടെന്ന് കണ്ടെത്തുന്നത്. തലച്ചോറിലെ കരോട്ടിഡ് ആര്‍ട്ടറിയില്‍ ബ്ലോക്ക് ഉണ്ടാവുകയോ, ചുരുങ്ങിപ്പോവുകയോ ചെയ്യുന്ന അവസ്ഥയാണിത്. തലച്ചോറിലേക്ക് രക്തവും ഓക്‌സിജനും എത്തിക്കുന്ന പ്രധാന രക്തധമനിയാണ് കരോട്ടിട് ആര്‍ട്ടറി. അതില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ ലഭ്യതയും കുറയുന്ന അവസ്ഥയുണ്ടാകും. ഇത്തരത്തില്‍ ഓക്‌സിജന്‍ ലഭ്യത നഷ്ടപ്പെടുമ്പോള്‍ അതിനെ പ്രതിരോധിച്ച് ഓക്‌സിജന്‍ എത്തിക്കുന്നതിനായി തലച്ചോറിന്റെ അടി ഭാഗത്ത് ചെറു രക്തക്കുഴലുകള്‍ രൂപപ്പെടും. അടിയന്തിര ഘട്ടങ്ങളില്‍ സഹായക രക്തക്കുഴലുകളായി രൂപപ്പെടുന്ന ഇവ വളരെ ചെറുതും ദുര്‍ബലവുമായിരിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മതിയായ രക്തവും ഓക്‌സിജനും എത്തിക്കുവാന്‍ പലപ്പോഴും ഇവയ്ക്ക് സാധിക്കാതിരിക്കുകയും ഇത് സ്‌ട്രോക്കിലേക്കോ തലച്ചോറിലെ രക്തസ്രാവത്തിനോ കാരണമാവുകയും ചെയ്യും.

പുകച്ചുരുള്‍ എന്നര്‍ഥം വരുന്ന ജാപ്പനീസ് വാക്കാണ് മൊയമൊയ. കുഞ്ഞു രക്തക്കുഴലുകള്‍ സങ്കീര്‍ണമായി കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയെയാണ് ഈ പേരിലൂടെ വിശേഷിപ്പിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത്. ജപ്പാനിലും കൊറിയയിലും ഒരു ലക്ഷം പേരില്‍ 0.43 മുതല്‍ 2.3 പേര്‍ക്ക് എന്ന കണക്കില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആർ നേതൃത്വം നൽകിയ മെഡിക്കല്‍ സംഘം, രോഗിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി അടിയന്തിര എസ്ടിഎംസി ബൈപാസ് അഥവാ സെറിബ്രല്‍ ബൈപാസ് സര്‍ജറിയ്ക്ക് രോഗിയെ വിധേയനാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദയത്തിലെ കൊറോണറി ബൈപാസിന് തുല്യമായ തലച്ചോറിലെ ഈ ശസ്ത്രക്രിയയില്‍, തലച്ചോറിന് പുറത്തുനിന്നുള്ള ഒരു രക്തക്കുഴലിനെ തലച്ചോറിനുള്ളിലെ ഒരു രക്തക്കുഴലുമായി ബന്ധിപ്പിച്ച് തകരാറിലായതോ, അടഞ്ഞതോ ആയ ധമനിക്ക് ചുറ്റുമുള്ള രക്തയോട്ടം പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. രോഗിയ്ക്ക് മൊയമൊയ രോഗമുള്ളതിനാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞ അളവില്‍ മാത്രമായിരിക്കുകയും അത് സ്‌ട്രോക്കിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍ മറ്റ് രക്തക്കുഴലുകളില്‍ നിന്നും തലച്ചോറിലേക്ക് മതിയായ രക്തം ബൈപാസ് ചെയ്യേണ്ടതുണ്ട്. – ഡോ.അജിത് ആര്‍ പറഞ്ഞു.

മൊയമൊയക്ക് കാരണമെന്താണെന്നുള്ളത് അവ്യക്തമാണ്, എങ്കിലും ജനിതകപരമായി ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യതകള്‍ തള്ളിക്കളയുവാനാകില്ല. പശ്ചിമ ബംഗാള്‍, വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരേക്കേള്‍ സ്ത്രീകളില്‍ ഈ രോഗ സാധ്യത രണ്ട് മടങ്ങ് അധികമാണെന്നും ഡോ. അജിത് കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ച ഐഎസിയുവില്‍ തുടര്‍ന്ന രോഗിയെ പിന്നീട് റൂമിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ ആന്‍ജിയോഗ്രാമില്‍ ബൈപാസ്സില്‍ നിന്നും തലച്ചോറിലേക്കുള്ള രക്തയോട്ടം നല്ല നിലയിലാണെന്ന് വ്യക്തമായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷം രോഗി മാലിദ്വീപിലേക്ക് മടങ്ങി. കാര്‍ഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ആൻഡ് കോർഡിനേറ്റർ ഡോ. ഷാജി പാലങ്ങാടന്‍, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫ്, ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി ഇമേജിംഗ് & ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആൻഡ് ഗ്രൂപ്പ് കോർഡിനേറ്റർ ഡോ. ശ്യാംലാൽ എസ്, ന്യൂറോ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. അബു മദന്‍, ഡോ. നവാസ് എന്‍.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്‌ത്യേഷ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സുശാന്ത് ബി, എന്നിവരും ചികിത്സയുടെ ഭാഗമായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ എന്‍ഡിപിഎസ്...

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം; 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം. അപകടത്തിൽ യുവാവ് മരിച്ചു. വെള്ളിയാഴ്ച്ച...

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച...
Telegram
WhatsApp