
തിരുവനന്തപുരം: ഡോ. ഷർമദ് ഖാൻ്റെ “രോഗിയാകാൻ ഇത്ര ധൃതി എന്തിന്?” എന്ന പുസ്തകം ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തു. പരമാവധി ആരോഗ്യത്തോടെ ജീവിക്കുവാൻ പാലിക്കേണ്ട ശീലങ്ങളെ കുറിച്ച് സാധാരണ ജനങ്ങൾക്ക് അവബോധം നൽകുന്നതാണ് പുസ്തകം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പുസ്തകം RCC അഡീഷണൽ ഡയറക്ടർ ഡോ. സജീദിന് നൽകി പ്രകാശനം നിർവഹിച്ചു. മരുന്ന് മാത്രമാണോ ചികിത്സ എന്ന ആദ്യ പുസ്തകവും ആരോഗ്യ രംഗത്ത് ചർച്ചകൾ ഉയർത്തിയിരുന്നു.
രോഗ ചികിത്സപോലെ പ്രാധാന്യമർഹിക്കുന്നതാണ് ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള മാർഗങ്ങളും എന്ന അറിവ് വളർത്തുകയാണ് ഈ പുസ്തകങ്ങളിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. ഉണരുന്നത് മുതൽ ഉറങ്ങുന്നതുവരെ ചില നല്ല ശീലങ്ങൾ പാലിച്ചാൽ ആരോഗ്യത്തോടെയിരിക്കുവാൻ സാധിക്കുമെന്ന് നീണ്ടകാലത്തെ ചികിത്സാ പരിചയത്തിൻ്റെ വെളിച്ചത്തിൽ ഡോ. ഷർമദ് ഖാൻ വ്യക്തതയോടെ വിശദീകരിക്കുന്നതാണ് പുസ്തകം.
ചിന്ത പബ്ലിഷേഴ്സ് സബ് എഡിറ്റർമാരായ കബനി ഗീത, മഞ്ജു എന്നിവർ പങ്കെടുത്തു. ഡോ. ഷർമദ് ഖാൻ തിരുവനന്തപുരം ജില്ലാ ആയുർവേദ ആശുപത്രിയായ വർക്കലയിൽ ചീഫ് മെഡിക്കൽ ഓഫീസർ ആയി ജോലി നോക്കുന്നു. 25 വർഷത്തോളമായി ഭാരതീയ ചികിത്സാ വകുപ്പിൽ സേവനമനുഷ്ടിക്കുന്നു. ചിന്താ പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


