
എറണാകുളം: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ വിചാരണക്കോടതിയുടെ ഇടപെടൽ. അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച പറ്റിയെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിലെ പിഴവുകള്‍ വിചാരണക്കോടതി ചൂണ്ടിക്കാട്ടി.
പോലീസിന് നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് കോടതി ആരോപിക്കുന്നത്. മാത്രമല്ല കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വീഴ്ചകൾ ചൂണ്ടിക്കാണിച്ചത്. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി ആരോപിച്ചു.
കൂടാതെ രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ലെന്നും പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണെന്നും കോടതി വ്യക്തമാക്കി.


