
തിരുവനന്തപുരം: കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളക്ക് ആദരം. ഫെഡറേഷന്‍ ഓഫ് ദി റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ദി യുകെ 2024-ലെ ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ പുരസ്‌കാരം നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പേസസ് (പ്രാക്ടിക്കൽ അസസ്‌മെന്റ് ഓഫ് ക്ലിനിക്കൽ എക്സാമിനേഷൻ സ്കിൽസ്) പരീക്ഷകള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി.
എംആര്‍സിപി (യുകെ) പരീക്ഷകളുടെ വിജയത്തിനും ആഗോളതലത്തില്‍, അവയുടെ സംഘാടനം വ്യാപിപ്പിക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് ഫെഡറേഷന്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ അവാര്‍ഡ്. ഈ വര്‍ഷം ലോകമെമ്പാടുമുള്ള പത്ത് പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഈ പത്ത് പേരില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയ നാല് പേരിൽ ഒരാളാണ് ഡോ. എം.ഐ സഹദുള്ള. ഫെഡറേഷന്റെ ചെയര്‍ എക്‌സാമിനര്‍ ഡോ. ഗ്രഹാം ക്യൂറിയാണ് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചത്.
ഡോ. സഹദുള്ളയുടെ നേതൃത്വപാടവത്തിനും ഒപ്പം മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ക്ലിനിക്കല്‍ പരീക്ഷാ നടത്തിപ്പിലും കിംസ്ഹെല്‍ത്ത് പുലര്‍ത്തുന്ന ഉന്നത നിലവാരത്തിനും ലഭിച്ച സാക്ഷ്യപത്രമാണ് ഈ അംഗീകാരം.


