
തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന് 84 ദിവസം കൊണ്ടാണ് പൊലീസ് സംഘം അന്വേഷണം പൂർത്തിയാക്കിയത്. ജനുവരി 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യയായിരുന്നു ആതിര.
കേസിലെ പ്രതിയായ ജോൺസൺ എന്നയാളെ കുറ്റകൃത്യം നടന്ന് മൂന്നാം നാൾ കോട്ടയം ജില്ലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹിതനായ ജോൺസൺ മൂന്ന് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഇൻസ്റ്റാഗ്രാം വഴി ആതിരയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. തന്നെ ഒഴിവാക്കാൻ ആതിര ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടർന്നാണ് കൃത്യം നടത്തിയത്.
സംഭവ ദിവസം രാവിലെ 6.30ക്കാണ് ജോൺസൻ പെരുമാതുറയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. അതിനുശേഷം ആതിര കുട്ടിയെ സ്കൂളിൽ അയക്കുന്നതുവരെ ആതിരയുടെ വീടിനു സമീപമായി ആരും അറിയാതെ നിന്നിരുന്നു. ഇക്കാര്യം അതിരയ്ക്കും അറിയാമായിരുന്നുവെന്നും ജോൺസൺ പറയുന്നു.
കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിട്ടതിനു ശേഷമാണ് ജോൺസൻ ആതിരയുടെ വീട്ടിനുള്ളിൽ കയറിയത്. കയ്യിൽ കത്തിയുമായിട്ടാണ് ഇയാൾ വീട്ടിൽ എത്തിയത്. തുടർന്ന് ആതിര അടുക്കളയിൽ കയറിയ സമയം കത്തി കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു.
അതിനുശേഷം ആതിര നൽകിയ ചായ കുടിക്കുകയും പിന്നീട് ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ആതിരയെ കുത്തിയത്. ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിന്റെ ഷർട്ടും ഇട്ടാണ് ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്.
അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയും തുടർന്ന് കോട്ടയത്തെ വീട്ടിൽ വന്ന് വസ്ത്രങ്ങൾ എടുത്ത് അടുത്ത താവളത്തിലേക്ക് പോകാൻ നിൽക്കവെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.
ഡിജിറ്റൽ, ഫോറൻസിക് സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥത്തിലാണ് എഴുന്നൂറിലധികം പേജുകളുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 118 ഓളം സാക്ഷികളും 47ഓളം മെറ്റീരിയൽ എവിഡൻസും 47 ഓളം ഡോക്യൂമെൻറുകളും ഉൾപ്പെടുന്നതുമാണ് കുറ്റപത്രം.


