
ജിദ്ദ: മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസ്സ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
2023 ജൂലൈയിൽ ന്യൂഡൽഹിയിൽ സെക്രട്ടറിജനറലുമായി നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. സഹിഷ്ണുതാമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മിതത്വത്തിനായി വാദിക്കുന്നതിലും സാമൂഹ്യ ഐക്യവും സാഹോദര്യവും മുന്നോട്ടു കൊണ്ടുപോകുന്നതിലും മുസ്ലീം വേൾഡ് ലീഗിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
വസുധൈവ കുടുംബകം [ലോകം ഒരു കുടുംബം] എന്ന ഇന്ത്യയുടെ പുരാതന തത്വചിന്ത അനുസ്മരിച്ച പ്രധാനമന്ത്രി, ബഹു-സംസ്കാരിക, ബഹു-ഭാഷ, ബഹു-വംശ, ബഹു-മത സമൂഹമെന്ന നിലയിൽ ഇന്ത്യ നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അവിശ്വസനീയമായ വൈവിധ്യം അതിന്റെ ഊർജസ്വലമായ സമൂഹത്തിനും രാഷ്ട്രീയത്തിനും രൂപം നൽകിയ വിലയേറിയ ശക്തിയാണ്. തീവ്രവാദം, ഭീകരത, അക്രമം എന്നിവയ്ക്കെതിരായ മുസ്ലീം വേൾഡ് ലീഗിന്റെ ഉറച്ച നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു.
സൗദി അറേബ്യയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണു നൽകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് അതു നിരവധി മേഖലകളിലെ ശാശ്വത പങ്കാളിത്തമായി പരിണമിച്ചിരിക്കുന്നു. അടുത്ത സാമൂഹ്യ-സാംസ്കാരിക ബന്ധങ്ങൾ ഈ പങ്കാളിത്തത്തിന്റെ പ്രധാന വശമാണ്.


