
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം നൽകിയ സംഭവാതിൽ ഇടപ്പെട്ട് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ജീവനക്കാർ നികുതി അടയ്ക്കുന്നില്ല എന്ന ഒരു കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയ സംഭവം പരിശോധിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും 2025 ഫെബ്രുവരി 13 ന് ഇറക്കിയിട്ടുള്ള നിർദ്ദേശം റദ്ദു ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
2025 ഫെബ്രുവരി 13 ന് നിർദ്ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയർ സൂപ്രണ്ട് എന്നിവരെയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ, അവധിയിലായിരുന്ന അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എന്നിവരെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയാതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും 2025 ഫെബ്രുവരി 13 നും ഫെബ്രുവരി 20 നും ഇത് സംബന്ധിച്ച് ഇറക്കിയ നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സമൂഹത്തിൽ മതസ്പർധ വളർത്തുന്ന രീതിയിൽ ഒരു പരാതിയുമായി മുന്നോട്ടു വന്ന അബ്ദുൽ കലാം.കെ. യ്ക്ക് എതിരെ ഡി.ജി.പി യ്ക്ക് പരാതി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിഎന്നും മന്ത്രി കൂട്ടിച്ചേർത്തു.
താങ്കളുടെ സ്‌കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണം’ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാനഅധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്.


