
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി മുറ്റത്തെ മാതാവിൻ്റെ പ്രതിമ തകർത്ത പ്രതി പിടിയിൽ. തുമ്പ കിൻഫ്ര പ്രിൻസി വില്ലയിൽ മാർട്ടിൻ തങ്കച്ചൻ ( 61 ) നെ ആണ് തുമ്പ
പോലീസ് പിടികൂടിയത്. ഇയാൾ മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരം. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കഴക്കൂട്ടത്തിന് സമീപത്തെ വിളയിൽകോണത്തുള്ള ഫാത്തിമാതാ പള്ളിമുറ്റത്തെ മാതാവിന്റെ പ്രതിമയാണ് തകർത്തു നിലവിൽ ഇന്ന് രാവിലെ കണ്ടത്. ദേവാലയത്തിൽ മുന്നിലുള്ള കുരിശടിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. രാവിലെ നടക്കാൻ ഇറങ്ങിയ പള്ളി വികാരിയാണ് പ്രതിമ തകർത്ത നിലയിൽ കണ്ടത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആദ്യം സാമൂഹ്യവിരുദ്ധരാണ് ഇതിലും പിന്നിലെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ഇന്നലെ രാത്രി ഫാത്തിമ മാതാ ചർച്ചിലെത്തി പ്രാർത്ഥിച്ച ശേഷമാണ് ഇയാൾ പ്രതിമ ദൂരേയ്ക്ക് വലിച്ചെറിഞ്ഞത്. ഇതിനുശേഷം വലിയ വേളിയിലെത്തി നാട്ടുകാരെയും മറ്റും തെറി വിളിച്ചിരുന്നു. വലിയ വേളിയിൽ സംഘർഷം നടക്കുന്നത് അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നു. മറ്റ് പ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാൽ മാനസിക രോഗിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി മാർട്ടിൻ ആണെന്ന് തിരിച്ചറിഞ്ഞത്.


