
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ആറ്റിങ്ങൽ മാമത്ത് വെച്ചായിരുന്നു സംഭവം നടന്നത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസിനാണ് തീ പിടിച്ചത്.
ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടയറിന് തീപിടിച്ചതോടെ ബസ് ഭാഗികമായി കത്തി നശിച്ചു. മാമത്ത് എത്തിയപ്പോൾ ബസിൻ്റെ താഴ്ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പുക വരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തുകയായിരുന്നു.
അതിനുശേഷം ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 36 യാത്രക്കാർ അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.


